Tuesday, 28 July 2020

മാഗധം

തംബുരു മീട്ടും കരാംഗുലീസ്പർശന
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.

സുന്ദരസ്വപ്ന മഗധയിൽ ഞാനൊരു
വെൺമേഘമായിട്ടലഞ്ഞീടവെ,
തെന്നലായ് നീ കപോലങ്ങളിൽ ചുംബിച്ചു,
സംഗീതമായിഞാൻ പെയ്തിറങ്ങി.

ആരോഹണങ്ങളിലാരോ കുതൂഹലം
തേരുതെളിച്ചു കടന്നുപോയി;
പാതിരാപ്പുള്ളുകൾ, താരകങ്ങൾ, നീല
രാവിലേകാന്ത മൃഗാങ്കബിംബം,
പാതിയുറങ്ങിയുണർന്ന മുളംകാടു,
പാടലീപുത്രരണാങ്കണങ്ങൾ.
ഏതോ പുരാതന സംഘസ്ഥലികളിൽ
തേരുതെളിച്ചു കടന്നുപോയി.

കണിക്കൊന്ന

എന്തിനു മറ്റൊരു മേടപ്പുലർക്കാഴ്ച
നീ കണിക്കൊന്നയായന്തികത്തിൽ?
എന്തിനു മറ്റൊരുഷസ്സന്ധ്യ കാതരേ
നീ പുഞ്ചിരിപ്പു വിഭാതമായി?
എന്തിനു സായന്തനത്തിന്റെ സാന്ത്വനം
തെന്നലായ് നീ വന്നു പുൽകിടുമ്പോൾ?
എന്തിനു രാവിൻ പരിരംഭണങ്ങളും
നിൻ കരവല്ലി പടർന്നിടുമ്പോൾ?a

Tuesday, 17 July 2018

എന്തിനി ചൊല്ലേണ്ടു


എന്തിനി പാടേണ്ടു  ഞാൻ  നിന്റെ നൂപുര നാദ
സംഗമ വരഗീതത്തിൽ മണ്ഡപമുണരുമ്പോൾ?
എന്തിനി ചൊല്ലേണ്ടു നിന്നംഗലാവണ്യ സുര
സുന്ദര യമുനയിൽ കല്ലോല മുണരുമ്പോൾ?

ശ്യാമള സന്ധ്യാംബര ചാരുത പടരുമീ
പാവന വനികയിൽ കാറ്റു തേരോടിക്കുമ്പോൾ
ചാഞ്ചാട്ടമാടുന്ന നിൻ പൂന്തുകിൽ ഞൊറികളിൽ
കാഞ്ചന തന്തുക്കളായ് മാറുവാൻ കൊതിക്കുന്നു.
-----------------
06.12.2018

Thursday, 12 July 2018

ശാരികേ പാടു

മനസ്സിലെ ശാരികേ പാടു മറക്കാത്ത
മധുരാനുഭൂതികൾ പാടു
കുളിരുള്ള ചന്ദ്രിക പെയ്യുന്ന രാവിൽ നീ
ഹൃദയ രാഗം ചേർത്തു പാടു.

ഏതോ പുരാതന രാജാങ്കണത്തിലെ
ചേലെഴും ചെമ്പകം പൂത്ത രാവിൽ,
ശ്രീ മംഗലയായുദിച്ചിന്ദു, ശ്രാവണ -
പ്പൂനിലാവിൽ പാരൊരുങ്ങി നിൽക്കെ,
ജാലക വാതിൽ തുറന്നു നീ തൂകിയ
പൂനിലാവേറ്റു മയങ്ങി ഞാനും.
ദൂരെ വിഹായസ്സിൽ ഏതോ മരക്കൊമ്പിൽ
ആരെയോ കാത്തു രാപ്പക്ഷി പാടി

ഏതോ മനോഹര സന്ധ്യയിൽ താരകാ-
ദീപനാളങ്ങൾ തൊഴുതു നിൽക്കെ,
ചേതോഹരം കനകാംബര മാലകൾ
തോരണം ചാർത്തും നടപ്പന്തലിൽ,
ആരെയോ തേടി അലഞ്ഞു, മിഴികളിൽ
നീലോല്പലങ്ങൾ വിടർന്നിരുന്നു.
മാര ശരങ്ങളെൻ മാറിൽ, നിലാ പെയ്തു
നീയോ വിവശയായ്, ഞാനുമേവം.
-----------------
12.07.2018

മന്ദ സമീരണൻ

(moved from priyathamam on 12.07.2018)

വെണ്മുകിലാട്ടിൻകിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതുദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാനൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
ഇത്തിരിവെട്ടം കൊളുത്തിക്കളിക്കുന്ന
കൊച്ചുകുമാരികൾ താരകങ്ങൾ,
ഇച്ചെറുമുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ-
ക്കെത്രമേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും, ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്രവനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവഗാനം.
പച്ചിലക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസമേളം മുഴക്കിടുന്നു.
ഇപ്പൊഴുമെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീനികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

--------------
11.06.2016

ഒരു പൈങ്കിളിക്കവിത

(moved from priyathamam on 12.07.2018)

ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

മാഗധം

തംബുരു മീട്ടും കരാംഗുലീസ്പർശന ഗംഗയിൽ നീരാടുവാനായിറങ്ങവേ ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ മന്ദാരഗന്ധമലിഞ്ഞിരുന്നു. സുന്ദരസ്വപ്ന മഗധയിൽ ഞാനൊരു വെ...